ദേവീക്ഷേത്രങ്ങളിൽ സുപ്രസിദ്ധിയാർജ്ജിച്ച ആരാധനാ കേന്ദ്രങ്ങളാണ് മുച്ചിലോട്ട് കാവുകൾ. ഈ കാവുകളിൽ പ്രധാനപ്പെട്ട ഒരു ആരാധനാലയമാണ് കോക്കാട് ശ്രീ മുച്ചിലോട്ട് കാവ്. പതിനേഴ നാട്ടിൽ പതിനെട്ട് സ്ഥാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന കോക്കാട് മുച്ചിലോട്ടു കാവും കുഞ്ഞിമംഗലം പുറത്തെരുവത്ത് മുച്ചിലോട്ട് കാവും വളരെ അടുത്തടുത്ത് സ്ഥിതി ചെയ്യുന്നു.
ചെറുതാഴം പഞ്ചായത്തിൽ പിലാത്തറ ബസ്റ്റാന്റിൽ നിന്ന് ഏകദേശം 2 കി.മി. തെക്ക്-പടിഞ്ഞാറ് ഭാഗത്തായി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. സ്വർണ്ണ പ്രശ്നചിന്താവിധി പ്രകാരം ക്ഷേത്രം പുനർ നിർമ്മിച്ച് ദേവപ്രതിഷ്ഠ നടത്തിയത് 1999 ലാണ്. ഈ ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുള്ളതായി കണക്കാക്കുന്നു.
ക്ഷേത്രഉൽപത്തിയെക്കുറിച്ച് എഴുതി വയ്ക്കപ്പെട്ട രേഖകൾ ഒന്നും തന്നെ ലഭ്യമായിട്ടില്ല. വാമൊഴിയായി തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ഐതിഹ്യങ്ങളും സ്വർണ്ണപ്രശ്‌ന ചിന്തയിലൂടെ ലഭിച്ച വിവരങ്ങളും ദേവിയുടെ തോറ്റം പാട്ടും അരുളപ്പാടുകളുമാണ് ക്ഷേത്ര ഉത്ഭവത്തെക്കുറിച്ച് അറിവ് നൽകുന്ന മേഖലകൾ.
വളപട്ടണം മുച്ചിലോട്ട് കാവിൽ നിന്ന് ദേവി ഈ പ്രദേശത്തേക്ക് എഴുന്നള്ളി എന്നാണ് വിശ്വസിക്കപ്പെടുന്നത്. വാമൊഴിയായി കൈമാറ്റം ചെയ്യപ്പെട്ട ഐതിഹ്യം ഇങ്ങിനെയാണ്.
ചെറുതാഴം ഉളിയത്ത് എന്ന പ്രദേശത്ത് താമസിച്ചിരുന്ന കിളിക്കാരൻ മാന്തോട്ടത്ത് തറവാട്ടിലെ കാരണവരും ഭാര്യയും കൂടി, ഭാര്യയുടെ സ്വദേശത്തിനടുത്ത വളപട്ടണം മുച്ചിലോട്ട്കാവിൽ കളിയാട്ടം നടക്കുന്ന സന്ദർഭത്തിൽ അവരുടെ ഭവനത്തിൽ പോകുവാൻ ഇടയായി. ഈ സ്ത്രിയുടെ സഹോദരിമാരുടെ ഭർത്താക്കന്മാർ പൊതുവെ സമ്പന്നരായിരുന്നു. ഇവരുടെ ഭർത്താവാകട്ടെ പരമ ദരിദ്രനും തൻ്റെ ഭവനത്തിൽ വെച്ച് സഹോദരിമാരുടെ ഭർത്താക്കന്മാർക്ക് ലഭിച്ച പരിഗണനയും മറ്റും തന്റെ ഭർത്താവിന് ലഭിച്ചില്ല. ഇത് ഈ സ്ത്രീക്ക് ഒട്ടും സഹിച്ചില്ല. രണ്ടുപേരും അധികം വൈകാതെ തന്നെ അവിടെ നിന്ന് പുറപ്പെടാൻ തീരുമാനിച്ചു.
പുത്രിദുഃഖം മണത്തറിഞ്ഞ അമ്മ മകളെ യാത്രയയക്കുന്ന അവസരത്തിൽ താൻ കരുതി വെച്ചിരുന്ന തൻ്റെ സമ്പാദ്യപ്പെട്ടി (ചെല്ലപ്പെട്ടി) മകൾക്ക് നൽകി ആശീർവദിച്ചു.
ഈ ചെല്ലപ്പെട്ടിയുമായി ദമ്പതിമാർ വളപട്ടണം മുച്ചിലോട്ട് നടയിലെത്തി. ആധിയും വ്യാധിയും അകറ്റുന്ന അമ്മയോട് ഉള്ളുരുകി പ്രാർത്ഥിച്ച് സ്വദേശത്തേക്ക് മടങ്ങി. വഴിയിൽ കളരിവാതുക്കൽ ക്ഷേത്രത്തിൽ തൊഴുത് പ്രാർത്ഥിച്ചു. കാൽനടയായി ദീർഘനേരം സഞ്ചരിച്ച്, കടവുകൾ കടന്ന്, ചെറുതാഴത്ത് എത്തി. ദാഹം ശമിപ്പിക്കുന്നതിനായി ഉളിയത്തുള്ള മാവില വീട് എന്ന തറവാട്ടിൽ കയറി ദാഹശമനം നടത്തി. യാത്ര പറഞ്ഞ് അവർ സ്വഗൃഹത്തിലെത്തി വിശ്രമിച്ചു. അത്ഭുതമെന്നേ പറയേണ്ടൂ, കയ്യിലുണ്ടായിരുന്ന ചെല്ലപ്പെട്ടിയും കുടയും വെച്ച സ്ഥലത്ത് നിന്ന് എടുക്കാൻ സാധിക്കാത്ത അവസ്ഥ വന്നു. അതു പോലുള്ള പല അനുഭവങ്ങളും കാണാനിടയായി. അടുത്തുള്ള നാട്ടുകാരെയും മറ്റും വിളിച്ചു ചേർത്ത് പ്രശ്നചിന്ത നടത്തിയപ്പോൾ ദേവിയും ഇവരുടെ കൂടെ എഴുന്നെള്ളിയതായി തെളിഞ്ഞു. പ്രശ്‌നചിന്തയിലൂടെ ദേവിയെ കുടിയിരുത്തി ആരാ ധിക്കാൻ തീരുമാനിച്ചു. ഉളിയത്ത് അടുത്തടുത്തായി വിഷ്ണു-ശൈവക്ഷേത്രങ്ങൾ (ശ്രീകൃഷ്ണക്ഷേത്രവും വേട്ടയ്‌ക്കൊരു മകൻ ക്ഷേത്രവും) ഉള്ളതിനാൽ പുതിയൊരു ക്ഷേത്രം നിർമ്മിക്കുന്നതിന് പരിമിതികൾ കാണപ്പെട്ടു. പ്രസ്‌തുത സ്ഥലത്തിന് വടക്ക് ഭാഗത്ത് പുത്തൂരമ്പലത്തിന്റെ തെക്ക് ഭാഗത്തായി, തോന്തോടിന് കിഴക്ക്, കുളപ്പുറം ശാസ്ത്രാക്ഷേത്രത്തിന് പടിഞ്ഞാറ്, പ്രകൃതി രമണീയമായ ഒരു പ്രദേശം ക്ഷേത്ര നിർമ്മിതിക്കായി കണ്ടെത്തി.
പ്രസ്തുത പ്രദേശം കൂവക്കാടുകളാൽ സമൃദ്ധമായിരുന്നു. ഈ കൂവക്കാട് നിറഞ്ഞ പ്രദേശം തന്നെയാണ് ക്രമേണ കോക്കാട് എന്ന പേരിലറിയപ്പെട്ടത്.
ഈ സ്ഥലം അന്നത്തെ നാട്ടുപ്രമാണിയായിരുന്ന തുള്ളുവ കുറുപ്പ് എന്നയാളുടെ അധീനതയിലായിരുന്നു. ദേവീ ചൈതന്യത്തിന്റെ പ്രസക്തി ശരിക്കും ഉൾക്കൊണ്ട് ഭക്തനായിരുന്ന അദ്ദേഹം ദേവിക്ക് ക്ഷേത്രം പണിയുന്നതിനായി പ്രസ്‌തുത സ്ഥലം ദാനം ചെയ്‌തു. ഇവിടെ ക്ഷേത്രം പണി കഴിപ്പിക്കുകയും ദേവിപ്രതിഷ്ഠ നടത്തുകയും ചെയ്തു.
പ്രകൃതിരമണീയമായ ഈ പ്രദേശത്ത് കുടിയിരിക്കുന്നതിന് ദേവി വളരെക്കാലം മുമ്പു തന്നെ ആഗ്രഹിച്ചതായി ദേവിയുടെ തോറ്റം പാട്ടിൽ പറയുന്നുണ്ട്. അതായത് കോറോത്ത് മുച്ചിലോട്ടു നിന്നും ദേവി കൊട്ടില മുച്ചിലോട്ടേക്ക് എഴുന്നെള്ളുന്ന സമയത്ത് ഈ സ്ഥലം ആഗ്രഹിച്ചതായി സൂചനയുണ്ട്.
വിശ്വസിച്ചവരെ ചതിക്കാത്ത, അന്നദായിനിയായ ലോകമാതാവ് ഈ പ്രദേശത്ത് എഴുന്നള്ളി കുടിയിരുന്നതിന് ശേഷം സമ്പദ്‌സമൃദ്ധിയും ജനക്ഷേമവും വർദ്ധിച്ചു.
തുലാം 11-ന് നടന്നു വരുന്ന ദേവിയുടെ തറയിലെഴുന്നള്ളത്തിനോടനുബന്ധിച്ച് ഉളിയത്തെ മാവിലാ വീട്ടിലെ പിൻതലമുറക്കാർ ഇന്നും താലമേന്തി അരിയെറിഞ്ഞ് ദേവിയെ സ്വീകരിക്കുന്ന ചടങ്ങ് ഈ ഐതിഹ്യത്തിൻ്റെ വിശ്വസനീയത വർദ്ധിപ്പിക്കുന്നു.
ഇവിടുത്തെ ഭണ്ഡാരപ്പുരയിലുള്ള അച്ചിയമ്മ ഒരു പ്രത്യേകതയാണ്. ദേവിയുടെ ആഗമനത്തിന് ഹേതുവായ സ്ത്രീ ഒടുവിൽ ദേവതയായി മാറി എന്നാണ് ഐതിഹ്യം. ഈ ദേവിക്ക് നിത്യം വിളക്ക് വെക്കുകയും വർഷത്തിൽ ഒരു പ്രത്യേക ദിവസം, അതായത് തുലാം 12-ന് അച്ചിയമ്മയ്ക്ക് മറിയൂട്ട് അടിയന്തിരം എന്ന പേരിൽ നിവേദ്യം നൽകി ആരാധിച്ച് വരികയും ചെയ്യുന്നുണ്ട്. മുമ്പ് പറഞ്ഞ ദമ്പതിമാരുടെ മകന് മുച്ചിലോട്ട് ഭഗവതിയുടെ കോമരം ആകുന്നതിനുള്ള അവകാശവും മരുമകന് അന്തിത്തിരയൻ ആകുന്നതിനുള്ള അവകാശവും ലഭിച്ചു. തുടർന്ന് മരു മക്കത്തായം രീതിയിൽ പിന്തുടർന്ന് പോരുകയും ചെയ്തു.
1979 ഡിസംബർ മാസത്തിലാണ് ഇവിടെ അവസാനമായി പെരുങ്കളിയാട്ടം നടന്നത്. അതിനുശേഷം ക്ഷേത്രഭണ്‌ഡാരപ്പുര പുനർ നിർമ്മിച്ചു. ഏകദേശം 15 വർഷം മുമ്പ് ഒരു പെരുങ്കളിയാട്ടം നടത്താൻ ക്ഷേത്രഭാരവാഹികളും നാട്ടുകാരും ആഗ്രഹിച്ചതനുസരിച്ച് ക്ഷേത്രനടയിൽ പ്രശ്നചിന്ത നടത്തുകയുണ്ടായി. ക്ഷേത്ര പുനർ നിർമ്മാണവും പുനഃപ്രതിഷ്‌ഠയുമാണ് പെരുങ്കളിയാട്ടത്തിന് മുമ്പ് ചെയ്യേണ്ടതെന്ന് പ്രശ്നചിന്താ വിധി ഉണ്ടായി. തുടർന്ന് അതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയും ദേവീകൃപയാൽ 1999- ഓടെ പ്രസ്‌തുത സംരംഭം സാക്ഷാത്ക്കരിക്കപ്പെടുകയും ചെയ്തു.
പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷം നടത്തപ്പെടുന്ന, സർവ്വ ചൈതന്യ സ്വരൂപിണിയും അന്നപൂർണ്ണേശ്വരിയുമായ ശ്രീ മുച്ചിലോട്ട് അംബികയുടെ പന്തൽ മംഗലത്തിന് അരങ്ങൊരുക്കി പെരുങ്കളിയാട്ടത്തിൻ്റെ നിറവിലേക്ക് പ്രവേശിക്കുകയാണ് കോക്കാട് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം.
