കോക്കാട് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കണ്ണൂര്‍ ജില്ലയുടെ വടക്കേ അറ്റമായ പയ്യന്നൂരിനടുത്തുള്ള ചെറുതാഴം ഗ്രാമത്തിലാണ് സ്ഥിതിചെയ്യുന്നത്. റോഡ് മാർഗം പയ്യന്നൂരില്‍ നിന്നും പിലാത്തറ-പഴയങ്ങാടി ബസ്സിനോ, കണ്ണൂര്‍ പഴയങ്ങാടി ഭാഗത്ത് നിന്നും വരുന്ന ബസ്സിൽ കോക്കാട് സ്റ്റോപ്പില്‍ ഇറങ്ങി അല്‍പം പടിഞ്ഞാറ് ഭാഗത്തേക്ക് നടന്നാല്‍ മതിയാകും. എന്‍.എച്ച് 17 വഴി വരുന്നവര്‍ക്ക് പിലാത്തറ ഇറങ്ങി പഴയങ്ങാടി റോഡില്‍ രണ്ട് കിലോമീറ്റര്‍ പിന്നിട്ടാല്‍ ഇവിടെ എത്തിച്ചേരാം. റെയില്‍ വഴി വരുന്നവര്‍ക്ക് പഴയങ്ങാടി, പയ്യന്നുർ എന്നീ റെ. സ്റ്റേഷനില്‍ ഇറങ്ങിയാല്‍ ആറ് കിലോമീറ്റര്‍ യാത്ര ചെയ്താൽ ക്ഷേത്രത്തില്‍ എത്തിച്ചേരാവുന്നതാണ്. കണ്ണൂർ എയർപോർട്ടിൽ നിന്നും 50 കിലോമീറ്റര്‍ ദൂരത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
വടക്കൻ കേരളത്തിലെ ദേവീക്ഷേത്രങ്ങളിൽ സുപ്രസിദ്ധിയാർജ്ജിച്ച ആരാധനാ കേന്ദ്രങ്ങളാണ് മുച്ചിലോട്ട് കാവുകൾ. ഈ കാവുകളിൽ പ്രധാനപ്പെട്ട ഒരു ആരാധനാലയമാണ് കോക്കാട് ശ്രീ മുച്ചിലോട്ട് കാവ്.
പതിനേഴ് നാട്ടിൽ പതിനെട്ട് സ്ഥാനം എന്ന പഴമൊഴി അന്വർത്ഥമാക്കുന്നതാണ് കോക്കാട് ശ്രീ മുച്ചിലോട്ട് ഭഗവതിക്ഷേത്രവും, കുഞ്ഞിമംഗലം പുറത്തെരുവത്ത് ശ്രീ മുച്ചിലോട്ട് ഭഗവതിക്ഷേത്രവും. രണ്ടുക്ഷേത്രങ്ങളിലും നടക്കുന്ന അടിയന്തിരചടങ്ങുകളുടെ ശബ്ദം ഇരുക്ഷേത്രങ്ങളിലും പരസ്പരം കേൾക്കാവുന്നതാണ്. സ്വർണ്ണപ്രശ്നചിന്താവിധിപ്രകാരം ക്ഷേത്രം പുനഃനിർമ്മിച്ച് പുനഃപ്രതിഷ്ഠ നടത്തിയത് 1999 ജൂൺ മാസത്തിലാണ്. ഈ ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുള്ളതായി കണക്കാക്കുന്നു.
അന്നപൂർണ്ണേശ്വരിയും ലോകമാതാവുമായ ദേവി വളപട്ടണം ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽനിന്നും കോക്കാട്ടേക്ക് എഴുന്നള്ളിയെന്നാണ് വിശ്വസിക്കപ്പെടുന്നത്. വളപട്ടണം മുച്ചിലോട്ട്കാവിൽ കളിയാട്ടം നടക്കുന്ന സന്ദർഭത്തിൽ ദേവീദർശനം നടത്തി മടങ്ങിയ ദമ്പതിമാരോടൊപ്പമാണ് ദേവി ഇവിടത്തെ ജനങ്ങളുടെ ദാരിദ്ര്യവും കഷ്ടപ്പാടുകളും അകറ്റാൻ എഴുന്നെള്ളി എന്നാണ് ഐതിഹ്യം.
മുച്ചിലോട്ട് ഭഗവതിക്കുപുറമെ കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർ കാളി, പുലിയൂർ കണ്ണൻ, നരമ്പിൽ ഭഗവതി, വിഷ്ണുമൂർത്തി, കുണ്ടോർ ചാമുണ്ഡി, തൽസ്വരൂപൻ ദൈവം, കൂത്ത്, ചങ്ങനും പൊങ്ങനും, തീപാറ്റി തെയ്യം എന്നീ ദേവീദേവന്മാരെയും ആരാധിച്ചുവരുന്നു.
ക്ഷേത്രഉൽപത്തിയെക്കുറിച്ച് എഴുതിവയ്ക്കപ്പെട്ട രേഖകൾ ഒന്നും തന്നെ ലഭ്യമായിട്ടില്ല. വാമൊഴിയായി തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ഐതിഹ്യങ്ങളും സ്വർണ്ണപ്രശ്ന ചിന്തയിലൂടെ ലഭിച്ച വിവരങ്ങളും ദേവിയുടെ തോറ്റം പാട്ടും അരുളപ്പാടുകളുമാണ് ക്ഷേത്ര ഉത്ഭവത്തെക്കുറിച്ച് അറിവ് നൽകുന്ന മേഖലകൾ. വളപട്ടണം മുച്ചിലോട്ട് കാവിൽ നിന്ന് ദേവി ഈ പ്രദേശത്തേക്ക് എഴുന്നള്ളി എന്നാണ് വിശ്വസിക്കപ്പെടുന്നത്. വാമൊഴിയായി കൈമാറ്റം ചെയ്യപ്പെട്ട ഐതിഹ്യം ഇങ്ങിനെയാണ്.
ചെറുതാഴം ഉളിയത്ത് എന്ന പ്രദേശത്ത് താമസിച്ചിരുന്ന കിളിക്കാരൻ മാന്തോട്ടത്ത് തറവാട്ടിലെ കാരണവരും ഭാര്യയും കൂടി, ഭാര്യയുടെ സ്വദേശത്തിനടുത്ത വളപട്ടണം മുച്ചിലോട്ട്കാവിൽ കളിയാട്ടം നടക്കുന്ന സന്ദർഭത്തിൽ അവരുടെ ഭവനത്തിൽ പോകുവാൻ ഇടയായി. ഈ സ്ത്രീയുടെ സഹോദരിമാരുടെ ഭർത്താക്കന്മാർ പൊതുവെ സമ്പന്നരായിരുന്നു. ഇവരുടെ ഭർത്താവാകട്ടെ പരമ ദരിദ്രനും. തൻ്റെ ഭവനത്തിൽ വെച്ച് സഹോദരിമാരുടെ ഭർത്താക്കന്മാർക്ക് ലഭിച്ച പരിഗണനയും മറ്റും തന്റെ ഭർത്താവിന് ലഭിച്ചില്ല. ഇത് ഈ സ്ത്രീക്ക് ഒട്ടും സഹിച്ചില്ല.
അധികം വൈകാതെ തന്നെ രണ്ടുപേരും അവിടെ നിന്ന് പുറപ്പെടാൻ തീരുമാനിച്ചു. പുത്രീദുഃഖം മണത്തറിഞ്ഞ അമ്മ മകളെ യാത്രയയക്കുന്ന അവസരത്തിൽ താൻ കരുതി വെച്ചിരുന്ന തൻ്റെ സമ്പാദ്യപ്പെട്ടി(ചെല്ലപ്പെട്ടി) മകൾക്ക് നൽകി ആശീർവദിച്ചു.
ഈ ചെല്ലപ്പെട്ടിയുമായി ദമ്പതിമാർ വളപട്ടണം മുച്ചിലോട്ട് നടയിലെത്തി. ആധിയും വ്യാധിയും അകറ്റുന്ന അമ്മയോട് ഉള്ളുരുകി പ്രാർത്ഥിച്ച് സ്വദേശത്തേക്ക് മടങ്ങി. വഴിയിൽ കളരിവാതുക്കൽ ക്ഷേത്രത്തിൽ തൊഴുത് പ്രാർത്ഥിച്ചു. കാൽനടയായി ദീർഘനേരം സഞ്ചരിച്ച്, കടവുകൾ കടന്ന്, ചെറുതാഴത്ത് എത്തി. ദാഹം ശമിപ്പിക്കുന്നതിനായി ഉളിയത്തുള്ള മാവില വീട് എന്ന തറവാട്ടിൽ കയറി ദാഹശമനം നടത്തി. യാത്ര പറഞ്ഞ് അവർ സ്വഗൃഹത്തിലെത്തി വിശ്രമിച്ചു. അത്ഭുതമെന്നേ പറയേണ്ടൂ, കയ്യിലുണ്ടായിരുന്ന ചെല്ലപ്പെട്ടിയും കുടയും വെച്ച സ്ഥലത്ത് നിന്ന് എടുക്കാൻ സാധിക്കാത്ത അവസ്ഥ വന്നു. അതുപോലുള്ള പല അനുഭവങ്ങളും കാണാനിടയായി. അടുത്തുള്ള നാട്ടുകാരെയും മറ്റും വിളിച്ചു ചേർത്ത് പ്രശ്നചിന്ത നടത്തിയപ്പോൾ ദേവിയും ഇവരുടെ കൂടെ എഴുന്നെള്ളിയതായി തെളിഞ്ഞു. പ്രശ്നചിന്തയിലൂടെ ദേവിയെ കുടിയിരുത്തി ആരാധിക്കാൻ തീരുമാനിച്ചു.
ഉളിയത്ത് അടുത്തടുത്തായി വിഷ്ണു-ശൈവക്ഷേത്രങ്ങൾ (ശ്രീകൃഷ്ണ ക്ഷേത്രവും വേട്ടയ്ക്കൊരുമകൻ ക്ഷേത്രവും) ഉള്ളതിനാൽ പുതിയൊരു ക്ഷേത്രം നിർമ്മിക്കുന്നതിന് പരിമിതികൾ കാണപ്പെട്ടു. പ്രസ്തുത സ്ഥലത്തിന് വടക്ക് ഭാഗത്ത് പുത്തൂരമ്പലത്തിന്റെ തെക്ക് ഭാഗത്തായി, തോന്തോടിന് കിഴക്ക്, കുളപ്പുറം ശാസ്ത്രാക്ഷേത്രത്തിന് പടിഞ്ഞാറ്, പ്രകൃതി രമണീയമായ ഒരു പ്രദേശം ക്ഷേത്ര നിർമ്മിതിക്കായി കണ്ടെത്തി.
പ്രസ്തുത പ്രദേശം കൂവക്കാടുകളാൽ സമൃദ്ധമായിരുന്നു. ഈ കൂവക്കാട് നിറഞ്ഞ പ്രദേശം തന്നെയാണ് ക്രമേണ കോക്കാട് എന്ന പേരിലറിയപ്പെട്ടത്. ഈ സ്ഥലം അന്നത്തെ നാട്ടുപ്രമാണിയായിരുന്ന തുള്ളുവ കുറുപ്പ് എന്നയാളുടെ അധീനതയിലായിരുന്നു. ദേവീ ചൈതന്യത്തിന്റെ പ്രസക്തി ശരിക്കും ഉൾക്കൊണ്ട് ഭക്തനായിരുന്ന അദ്ദേഹം ദേവിക്ക് ക്ഷേത്രം പണിയുന്നതിനായി പ്രസ്തുതസ്ഥലം ദാനം ചെയ്തു. ഇവിടെ ക്ഷേത്രം പണികഴിപ്പിക്കുകയും ദേവിപ്രതിഷ്ഠ നടത്തുകയും ചെയ്തു. പ്രകൃതിരമണീയമായ ഈ പ്രദേശത്ത് കുടിയിരിക്കുന്നതിന് ദേവി വളരെക്കാലം മുമ്പുതന്നെ ആഗ്രഹിച്ചതായി ദേവിയുടെ തോറ്റം പാട്ടിൽ പറയുന്നുണ്ട്. അതായത് കോറോത്ത് മുച്ചിലോട്ടു നിന്നും ദേവി കൊട്ടില മുച്ചിലോട്ടേക്ക് എഴുന്നെള്ളുന്ന സമയത്ത് ഈ സ്ഥലം ആഗ്രഹിച്ചതായി സൂചനയുണ്ട്.
വിശ്വസിച്ചവരെ ചതിക്കാത്ത, അന്നദായിനിയായ ലോകമാതാവ് ഈ പ്രദേശത്ത് എഴുന്നള്ളി കുടിയിരുന്നതിന് ശേഷം സമ്പദ്സമൃദ്ധിയും ജനക്ഷേമവും വർദ്ധിച്ചു. തുലാം 11-ന് നടന്നു വരുന്ന ദേവിയുടെ തറയിലെഴുന്നള്ളത്തിനോടനുബന്ധിച്ച് ഉളിയത്തെ മാവിലാ വീട്ടിലെ പിൻതലമുറക്കാർ ഇന്നും താലമേന്തി അരിയെറിഞ്ഞ് ദേവിയെ സ്വീകരിക്കുന്ന ചടങ്ങ് ഈ ഐതിഹ്യത്തിൻ്റെ വിശ്വസനീയത വർദ്ധിപ്പിക്കുന്നു. ഇവിടുത്തെ ഭണ്ഡാരപ്പുരയിലുള്ള അച്ചിയമ്മ ഒരു പ്രത്യേകതയാണ്. ദേവിയുടെ ആഗമനത്തിന് ഹേതുവായ സ്ത്രീ ഒടുവിൽ ദേവതയായി മാറി എന്നാണ് ഐതിഹ്യം. ഈ ദേവിക്ക് നിത്യം വിളക്ക് വെക്കുകയും വർഷത്തിൽ ഒരു പ്രത്യേക ദിവസം, അതായത് തുലാം 12-ന് അച്ചിയമ്മയ്ക്ക് മറിയൂട്ട് അടിയന്തിരം എന്ന പേരിൽ നിവേദ്യം നൽകി ആരാധിച്ച് വരികയും ചെയ്യുന്നുണ്ട്. മുമ്പ് പറഞ്ഞ ദമ്പതിമാരുടെ മകന് മുച്ചിലോട്ട് ഭഗവതിയുടെ കോമരം ആകുന്നതിനുള്ള അവകാശവും മരുമകന് അന്തിത്തിരയൻ ആകുന്നതിനുള്ള അവകാശവും ലഭിച്ചു. തുടർന്ന് മരുമക്കത്തായം രീതിയിൽ പിന്തുടർന്ന് പോരുകയും ചെയ്തു. 1979 ഡിസംബർ മാസത്തിലാണ് ഇവിടെ അവസാനമായി പെരുങ്കളിയാട്ടം നടന്നത്. അതിനുശേഷം ക്ഷേത്രഭണ്ഡാരപ്പുര പുനർ നിർമ്മിച്ചു. ഏകദേശം 15 വർഷം മുമ്പ് ഒരു പെരുങ്കളിയാട്ടം നടത്താൻ ക്ഷേത്രഭാരവാഹികളും നാട്ടുകാരും ആഗ്രഹിച്ചതനുസരിച്ച് ക്ഷേത്രനടയിൽ പ്രശ്നചിന്ത നടത്തുകയുണ്ടായി. ക്ഷേത്ര പുനർ നിർമ്മാണവും പുനഃപ്രതിഷ്ഠയുമാണ് പെരുങ്കളിയാട്ടത്തിന് മുമ്പ് ചെയ്യേണ്ടതെന്ന് പ്രശ്നചിന്താ വിധി ഉണ്ടായി. തുടർന്ന് അതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയും ദേവീകൃപയാൽ 1999- ഓടെ പ്രസ്തുത സംരംഭം സാക്ഷാത്ക്കരിക്കപ്പെടുകയും ചെയ്തു. മൂന്ന് പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷം നടത്തപ്പെടുന്ന, സർവ്വ ചൈതന്യ സ്വരൂപിണിയും അന്നപൂർണ്ണേശ്വരിയുമായ ശ്രീ മുച്ചിലോട്ട് അംബികയുടെ പന്തൽ മംഗലത്തിന് അരങ്ങൊരുക്കി പെരുങ്കളിയാട്ടത്തിൻ്റെ നിറവിലേക്ക് പ്രവേശിക്കുകയാണ് കോക്കാട് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം.
തമ്പുരാട്ടിയുടെ ആഗമനത്തിന് കാരണഭൂതയായ സ്ത്രീ ദേവതയായി മാറി എന്ന് വിശ്വസിക്കുന്നു. പ്രസ്തുത ദേവതയെ ഭണ്ഡാരപുരയിൽ പ്രത്യേകം പള്ളിയറയിൽ ആരാധിച്ചുവരുന്നു. ഈ ദേവിക്ക് വർഷത്തിൽ ഒരിക്കൽ (തുലാം 12) അച്ചിയമ്മയുടെ മറയൂട്ട് അടിയന്തിരം എന്നപേരിൽ നിവേദ്യം നൽകി ആരാധിച്ചുവരുന്നു.
വർഷത്തിലെ 11 മാസവും ക്ഷേത്രനട തുറന്ന് ഉച്ചയ്ക്ക് മുമ്പേ അടിച്ച് തളിച്ച് ദീപാരാധനയ്ക്കുശേഷം നിവേദ്യം സമർപ്പിക്കുന്നത്. മേടസംക്രമത്തിൽ ഉച്ചയ്ക്ക് ശേഷം മാത്രമേ നട തുറക്കുകയുള്ളൂ.
എല്ലാ മലയാള മാസത്തിലെ ആദ്യത്തെ ചൊവ്വഴ്ച വൈകുന്നേരം ആചാരക്കാർക്ക് പുറമെ ഒരു വാല്യക്കാരനും വ്രതശുദ്ധിയോടെ ദേവീദേവതമാർക്ക് അർപ്പിക്കാൻ നിവേദ്യം തയ്യാറാക്കും. രാത്രിയാണ് നിവേദ്യം അർപ്പിക്കുക.
മാടായിക്കാവിൽനിന്നുള്ള മുഹൂർത്തമാണ് ഇവിടെയും പുത്തരിക്കായി സ്വീകരിക്കുന്നത്. പുതിയ നെല്ലിന്റെ അരി, കക്കിരി, കൽക്കണ്ടി, പച്ചമുളക്, വെണ്ണ എന്നിവ ചേർത്ത് തയ്യാറാക്കുന്ന ആക്രാണപുത്തരി താളിൻ്റെ ഇലയിൽ വിളമ്പുന്നു. ഇതിനുപുറമെ പായസവും വഴിപാടും നിവേദിക്കുന്നു.
ഉദയാസ്തമയപൂജക്ക് തുടക്കം കുറിക്കുന്ന പുതുകുല കൊത്തൽ അടിയന്തിരം നടത്തപ്പെടുന്നു. ഉദയാസ്തമനത്തിനു നിവേദിക്കുന്ന വാഴക്കുലകൾ കൊത്തി പഴുക്കാൻ വയ്ക്കുന്നത് ഈ ദിവസമാണ്.
രാവിലെ ക്ഷേത്രനട തുറന്നാൽ ക്ഷേത്ര ആചാരക്കാർക്ക് പുറമേ വ്രതശുദ്ധിയുള്ള വാല്യക്കാരും കൂടി നിവേദ്യം ഉണ്ടാക്കാൻ തുടങ്ങും. അതിനുശേഷം ദേവിക്ക് നിവേദ്യം അർപ്പിക്കും. അരി, ഇളനീർ, അപ്പം, വെറ്റില, അടക്ക എന്നിവയ്ക്ക് പുറമെ വെച്ച് നിവേദ്യവും ഉണ്ടായിരിക്കും. ക്ഷേത്രത്തിൽ അപ്പോൾ എത്തിച്ചേരുന്ന എല്ലാവർക്കും ദേവീപ്രസാദമായ നിവേദ്യം (നിർമ്മാല്യം) വിതരണം ചെയ്യും.
ഉദയാസ്തമയ ദിവസം രാത്രിലുണ്ടാകുന്ന അടിയന്തിരത്തോടുകൂടി എഴുന്നെള്ളത്ത് ആരംഭിക്കും. അന്ന് രാത്രി വാരണക്കോട്ട് ഇല്ലത്ത് ദേവി പരിവാരസമേതം എഴുന്നെള്ളി അനുഗ്രഹം ചൊരിഞ്ഞ് തിരിച്ചുവരുന്നു. തുലാം 11ന് തറയിൽ എഴുന്നെള്ളത്ത് എന്നറിയപ്പെടുന്ന കൊവ്വൽ എഴുന്നെള്ളത്ത്. തുലാം 14ന് കുളപ്പുറം, 15ന് പെരിയാട്ട്, 16ന് പുത്തൂര്, 17ന് കോക്കാട് എന്നിങ്ങനെ, 7 ദിവസത്തെ എഴുന്നള്ളത്ത് നടക്കും. 13ന് ഹനുമാരമ്പലത്തിലും 16ന് പുത്തൂർ മഹാവിഷ്ണുക്ഷേത്രത്തിലും ആണ് ആദ്യം എഴുന്നെള്ളത്തെത്തുക. 17ന് രാത്രി മുച്ചിലോട്ട് വടക്കേ വാതിലും ഇളനീർ പൊളിക്കലും ഉണ്ടാകും.
കളിയാട്ടത്തിന്റെ സ്മരണ പുതുക്കുന്ന വൃശ്ചികം 25, 26, 27 2 ദിവസങ്ങളിൽ നടക്കും. അരങ്ങിൽ അടിയന്തിരം ഉണ്ടായിരിക്കും. ഈ അവസരത്തിൽ വടക്കേംവാതിൽ ഇളനീർപൊളിക്കൽ ഉപദേവന്മാരുടെ മുദ്രകലശം എന്നിവയുണ്ടാകും.
പ്രതിഷ്ഠാദിനമായി ആചരിക്കുന്നു.
ക്ഷേത്രത്തിൽ 7 ദിവസമാണ് പൂരാഘോഷം. അതിൽ 6 ദിവസം അരങ്ങിൽ അടിയന്തിരം ഉണ്ടായിരിക്കും. പൂരദിവസം വൈകുന്നേരം ക്ഷേത്രക്കുളത്തിൽ പൂരംകുളി ഉണ്ടായിരിക്കുന്നതാണ്. മുൻകാലങ്ങളിൽ പുരക്കളി ഉണ്ടായിരുന്നു.
മേടം ഒന്നിന് വിഷുകണികാണൽ നടക്കും. പുതിയ കലത്തിൽ അപ്പനിവേദ്യം ഉണ്ടായിരിക്കും.
വൃശ്ചികത്തിനുപുറമെ മേടമാസത്തിലും വേലചുറ്റ് വിളക്ക് നടക്കാറുണ്ട്. മുൻകാലങ്ങളിൽ വിഷുദിവസമാണ് വേലച്ചുറ്റു വിളക്ക് ദിവസം തീരുമാനിക്കുന്നത്. പക്ഷേ ഇപ്പോൾ അടിയന്തിരസൗകര്യം കണക്കിലെടുത്ത് മേടം 16ന് സ്ഥിരപ്പെടുത്തി.
കർക്കിടമാസത്തിലെ രാവിലെ ഗണപതിഹോമവും അതിനുശേഷം അരങ്ങിലടിയന്തിരവും ഉണ്ടാകാറുണ്ട്.
കർക്കിടകമാസത്തിലെ കറുത്തവാവിനുശേഷമുള്ള ദിവസങ്ങളിൽ മാടായിക്കാവിൽനിന്ന് നിറമുഹൂർത്തം കുറിക്കുന്നു. ആ ദിവസമാണ് ക്ഷേത്രത്തിലും നിറ അടിന്തിരം എരുവള്ളി, പൊലുവള്ളി, വെള്ളില, കാഞ്ഞിരം, നെല്ല്, കായൽമാവ്, പ്ലാവ്, അരയാല് എന്നിവയുടെ ഇലകൾ വട്ടപ്പലം എന്ന കാട്ടുചെടിയുടെ ഇലയിൽ പൊതിഞ്ഞ് പുന്നെൽക്കതിരും ചേർത്ത് പാന്തംകൊണ്ട് കെട്ടിവയ്ക്കും.
ഇതിനുപുറമെ പ്രാർത്ഥനയായും ചൊവ്വവിളക്ക്, മേലചുറ്റ് വിളക്ക്, അടിയന്തിരം കഴിച്ച് വരാറുണ്ട്.
ചെറുതാഴം ശ്രീ രാഘവപുരം ക്ഷേത്രം (ഹനുമാരമ്പലം), ശ്രീകൃഷ്‌ണപുരം ക്ഷേത്രം, ഉദയപുരം ശ്രീകൃഷ്‌ണക്ഷേത്രം, അറത്തിൽ ശ്രീ ഭദ്രപുരം ക്ഷേത്രം, ചെറുതാഴം ഭൂതനാഥപുരം ക്ഷേത്രം, വയലപ്ര അണീക്കര പൂമാലഭഗവതിക്ഷേത്രം, മണ്ടൂരിനടുത്തുള്ള ശ്രീ തിരുവർക്കാട്ട് ഭഗവതിക്ഷേത്രം, മണ്ടൂരിനടുത്തുള്ള പെരിയാട്ടമ്പലമെന്ന ശ്രീ ഹരിപുരം ക്ഷേത്രം. വിളയാങ്കോട് ശ്രീ ശിവക്ഷേത്രം, പുത്തൂർ ശ്രീ മഹാവിഷ്ണുക്ഷേത്രം കുന്നുമ്പം വയത്തൂർ കാലിയാർ ശിവക്ഷേത്രം, അതിയടം പാലോട്ട് കാവ്, അതിയടം വീരഞ്ചിറ കോട്ടം, കുന്നുമ്പ്രത്ത് വൈരജാതൻ കോട്ടം, ഉളിയത്ത് കൃഷ്ണൻ മതിലകം, ചുമടുതാങ്ങി മുത്തപ്പൻക്ഷേത്രം എന്നിവയോടൊപ്പം മണ്ടൂരും മറ്റുമുള്ള മുസ്ലീം പള്ളികളും പിലാത്തറയും ചുറ്റുപാടും സ്ഥിതിചെയ്യുന്ന ക്രിസ്ത്യൻ ദേവാലയങ്ങളും എടുത്തുപറയേണ്ടവ തന്നെ.
മാസസംക്രമം |
ചൊവ്വാഴ്ച്ച അടിയന്തിരം |
ചിങ്ങമാസത്തിലെ പുത്തരി |
തുലാം 4 |
തുലാം 10 |
എഴുന്നെള്ളത്ത് |
വൃശ്ചികം വേലചുറ്റ് വിളക്ക് |
മീനം 6 |
പൂരോത്സവം |
വിഷു |
വേലചുറ്റ് വിളക്ക് |
ഗണപതിഹോമം |
നിറ |