വാര്‍ത്തകള്‍




image

കോക്കാട് മുച്ചിലോട്ട് പെരുങ്കളിയാട്ടത്തിന് മുന്നോടിയായുള്ള നിലംപണി അടിയന്തരവും പെരുങ്കളിയാട്ട വെബ് സൈറ്റ് ഉൽഘാടനവും, ഭക്തിഗാന പ്രകാശന ചടങ്ങും സംഘടിപ്പിച്ചു.

Published on: 2024-11-20 04:20:34

ചെറുതാഴം കോക്കാട് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ  പെരുങ്കളിയാട്ടത്തിന് മുന്നോടിയായുള്ള നിലംപണി അടിയന്തിരം നടന്നു. തുടർന്ന് പെരുങ്കളിയാട്ട  വെബ് സൈറ്റ് ഉൽഘാടനവും, ഭക്തിഗാന പ്രകാശന ചടങ്ങും സംഘടിപ്പിച്ചു. 

15 വർഷങ്ങൾക്ക് ശേഷം ഡിസം. 11 മുതൽ 14 വരെ പെരുംങ്കളിയാട്ടം നടക്കുന്ന ചെറുതാഴം കോക്കാട് ശ്രീമുച്ചിലോട്ട് ഭഗവതീക്ഷേത്രത്തിലെ 'നിലം പണി അടിയന്തിരം നടന്നു. ആടയാഭരണങ്ങളും തിരുവായുധവുമേന്തി അരങ്ങിൽ ഇറങ്ങിയ ഭഗവതിമാരുടെ പ്രതിപുരുഷൻമാർ, കോയ്മമാരുടെയും ആചാരസ്ഥാനികരുടെയും വാല്യക്കാരുടെയും നിരവധി ഭക്തജനങ്ങളുടെയും സാന്നിധ്യത്തിൽ ക്ഷേത്ര തിരുമുറ്റത്തെ കൈലാസ കല്ലിനരികിൽ നിലം കിളച്ച് തല്ലി ചാണകമെഴുകി നിലമൊരുക്കൽ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചു.

അരങ്ങിൽ അടിയന്തിരത്തോടുകൂടി തുടർന്നുള്ള ദിനരാത്രങ്ങളിലായി അന്നദായനിയായ തമ്പുരാട്ടിയുടെ പന്തൽ മംഗലത്തിന് എത്തിച്ചേരുന്ന പതിനായിരങ്ങൾക്ക് അന്നപ്രസാദം നൽകുന്നതിനുള്ള ഭക്ഷണശാല, നാലില്ല പന്തൽ, കലവറ അടുക്കള, അണിയറ, വിവിധ കമ്മറ്റികളുടെ ഓഫീസുകൾ, എന്നിവ ഒരുക്കുന്നതിനായി നാടും നാട്ടു കൂട്ടവും കർമ്മനിരതരാകും.

ഇതോടെ ഭക്ഷണശാല, നാലില്ലം, പന്തൽ, കലവറ, അടുക്കള, വിവിധ കമ്മിറ്റികളുടെ ഓഫീസുകൾ എന്നിവയുടെ നിർമാണ പ്രവൃത്തികൾക്ക് തുടക്കമായി. 

അടിയന്തിര ചടങ്ങിനുശേഷം  സോഷ്യൽ മീഡിയ കമ്മിറ്റി പുറത്തിറക്കുന്ന വെബ്‌സൈറ്റിന്റെ ഉത്ഘാടനം അഡീഷണൽ പോലീസ് സൂപ്രണ്ട് കെ.വി. വേണുഗോപാലൻ  നിർവഹിച്ചു. ആർച്ചികൈറ്സ് എഡ്യൂക്കേഷൻ സമർപ്പണമായി നിർമിച്ച കോക്കാട്ട് മുച്ചിലോട്ട് കാവും പെരുങ്കളിയാട്ടവുമായി ബന്ധപ്പെട്ട പൂർണവിവരങ്ങൾ ഉൾപ്പെടുത്തിയ  വെബ്സൈറ്റ് www.kokkadmuchilottukavu.com എന്ന വിലാസത്തിൽ ലഭ്യമാണ്.

പ്രോഗ്രാം കമ്മറ്റി പുറത്തിറക്കിയ 'തിരുമംഗല്യം' എന്ന ബ്രൗസർ പ്രകാശനം എ എസ് പി  കെ.വി. വേണുഗോപാലൻ  നിർവഹിച്ചു.  പ്രോഗ്രാം കമ്മറ്റി ചെയർമാൻ  എം വി രവി ഏറ്റുവാങ്ങി. 

ആറോളം ഗാനങ്ങൾ അടങ്ങിയ  "തെച്ചിമാല"  ഓഡിയോ/ വീഡിയോ ഭക്തിഗാന ആൽബത്തിന്റെ പ്രകാശനം ചലച്ചിത്രതാരം ചിത്ര നായർ നിർവഹിച്ചു.  സോഷ്യൽ മീഡിയ കൺവീനർ ഷനിൽ ചെറുതാഴം സ്വാഗതവും , സിനിമാ സംവിധായകൻ സന്തോഷ് മണ്ടൂർ അധ്യക്ഷതയും വഹിച്ചു.  ചെയർമാൻ കെ. നാരായണൻ കുട്ടി, ദീപക്ക് മല്ലർ, എന്നിവർ ആശംസകൾ നേർന്നു. പി വിഷ്ണു നമ്പൂതിരി , മഹേഷ് കുമാർ പി വി , രമേശൻ സി, സൂരജ് കുമാർ എന്നിവർ സാന്നിധ്യമായി. രാഗേഷ് പേരൂർക്കാരൻ നന്ദി അറിയിച്ചു സംസാരിച്ചു. തുടർന്ന് മുച്ചിലോട്ടമ്മയുടെ പ്രസാദമായ അന്നദാനം നടത്തി.


Adv