വാര്‍ത്തകള്‍




image

കോക്കാട് മുച്ചിലോട്ട് പെരുങ്കളിയാട്ടം പത്രസമ്മേളനം നടത്തി.

Published on: 2024-12-02 08:35:58

15 വർഷങ്ങൾക്ക് ശേഷം 2024  ഡിസംബർ  11 മുതൽ 14 വരെ   പെരുംങ്കളിയാട്ടം നടക്കുന്ന ചെറുതാഴം കോക്കാട് ശ്രീമുച്ചിലോട്ട് ഭഗവതീക്ഷേത്രത്തിലെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്കു കടന്നു. അന്നദായനിയായ തമ്പുരാട്ടിയുടെ പന്തൽ മംഗലത്തിന് എത്തിച്ചേരുന്ന പതിനായിരങ്ങൾക്ക് അന്നപ്രസാദം നൽകുന്നതിനുള്ള ഭക്ഷണശാല, നാലില്ല പന്തൽ, കലവറ അടുക്കള, അണിയറ, വിവിധ കമ്മറ്റികളുടെ ഓഫീസുകൾ, എന്നിവയുടെ അവസാനഘട്ട  ഒരുക്കങ്ങൾ നടക്കുന്നതായി പത്രസമ്മേളനത്തിൽ പെരുങ്കളിയാട്ട ഭാരവാഹികൾ അറിയിച്ചു. 

ഡിസംബർ 6  നു രാവിലെ 9 മണിക്ക് പെരുങ്കളിയാട്ടം വരച്ചുവെക്കൽ ചടങ്ങു നടക്കും. ഡിസ: 6  മുതൽ 14  വരെ വിവിധ കല - സാംസ്‌കാരിക  പരിപാടികൾക്ക് തുടക്കം കുറിക്കും. ഡിസ: 8 നു അമ്പലം റോഡ് ഉളിയത്ത് ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്ര പരിസരത്തുനിന്നും, ചുമടുതാങ്ങി മുത്തപ്പൻ ക്ഷേത്ര പരിസരത്തുനിന്നും ആരംഭിക്കുന്ന  കലവറ നിറയ്ക്കൽ ഘോഷയാത്ര നടത്തും. 

സാംസ്‌കാരിക സമ്മേളനങ്ങളിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി, കാസറഗോഡ് എം പി രാജ്‌മോഹൻ ഉണ്ണിത്താൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, നിയമസഭാ സ്പീക്കർ എ എൻ ഷംസീർ, സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ, തുറമുഖം - പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, കല്യാശ്ശേരി എം എൽ എ എം വിജിൻ, പയ്യന്നുർ എം എൽ എ ടി ഐ മധുസൂദനൻ, അഴിക്കോട് എം എൽ എ കെ വി സുമേഷ്, ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ, ദേവസ്വം ചെയർമാൻ എം ആർ മുരളി, പദ്മശ്രീ നാരായണ പെരുവണ്ണാൻ, സിനിമ സംവിധായകൻ ജയരാജ്, സിനിമാതാരം പി പി കുഞ്ഞിക്കണ്ണൻ മാസ്റ്റർ, കവി മുരുകൻ കാട്ടാക്കട തുടങ്ങിയവർ  പങ്കെടുക്കും. 

പെരുങ്കളിയാട്ട വനിതാ കൂട്ടായ്മയുടെ മെഗാ തിരുവാതിര, പാലാഴി മല്ലിയോട്ട് അവതരിപ്പിക്കുന്ന നാടൻ പാട്ടരങ്ങ്, മഠത്തുംപടി നടരാജ നടനം കണ്ടംകുളങ്ങര അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി, പെൻഷൻസ് യൂണിയൻ ചെറുതാഴം അവതരിപ്പിക്കുന്ന തിരുവാതിര, കോക്കാട് ഗ്രാമീണ വായനശാലയുടെയും സർഗ്ഗവേദിയും ഒരുക്കുന്ന നൃത്തസന്ധ്യ, കുന്നുമ്പ്രം ദേശീല കലാസമിതി അവതരിപ്പിക്കുന്ന വിൽകലാമേള, കടന്നപ്പള്ളി കുട്ടയാട്‌ ശ്രീ പുലിയൂർ കാളി മാതൃസമിതിയുടെ മെഗാ ഫ്യൂഷൻ ഡാൻസ്, യുവജന കലാവേദിയും വരണക്കോട്ടു എൽ പി സ്കൂളും ചേർന്ന് നടത്തുന്ന വിവിധ കലാപരിപാടികൾ,  സാരംഗ് ഓർക്കസ്ട്ര പയ്യന്നുർ സോപാനം പിലാത്തറയും ചേർന്ന് ഒരുക്കുന്ന കരോക്കേ ഗാനമേള, റിഥം കലാക്ഷേത്രം രാമന്തളി അവതരിപ്പിക്കുന്ന നൃത്തനിശ, കരിവെള്ളൂർ മുച്ചിലോട്ടുകാവ് മാതൃസമിതി അക്ഷരശ്ലോകം, മണ്ടൂർ മുഹിയുദീൻ ജുമാ മസ്ജിദ് ബിസ്മില്ലാഹ് ദഫ് സംഘം ഒരുക്കുന്ന ദഫ് മുട്ട്, തരംഗിണി ചുമടുതാങ്ങുടെ സെമി ക്ലാസ്സിക്കൽ ഡാൻസ് , കോക്കാട് മുച്ചിലോട്ടു പെരുങ്കളിയാട്ടം പ്രവാസികുട്ടായ്മയുടെ കലാസന്ധ്യ എന്നിവ പെരുങ്കളിയാട്ടത്തിനു മുന്നോടിയായി വിവിധ ദിവസങ്ങളിൽ അരങ്ങേറും. 

ഡിസംബർ 11 ന് പദ്മശ്രീ തിലകൻ്റെ  അമ്പലപ്പുഴ അക്ഷരാജ്യല അവതരിപ്പിക്കുന്ന നാടകം അനന്തരം അരങ്ങിലെത്തും, ഡിസ 12 ന് സിനി/ ചാനൽ ഫൈയിം താരങ്ങൾ അണിനിരക്കുന്ന  മെഗാ മ്യൂസിക്കൽ നൈറ്റ്, ഡിസ 13 ന്  ചലച്ചിത്രതാരം സുധീർ പറവൂർ നയിക്കുന്ന മെഗാ ഷോ 2K24 എന്നിവ നടക്കും. 

കോക്കാട് മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടത്തിന് മുച്ചിലോട്ട് ഭഗവതിക്കുപുറമെ കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർ കാളി, പുലിയൂർ കണ്ണൻ, നരമ്പിൽ ഭഗവതി, വിഷ്ണുമൂർത്തി, കുണ്ടോർ ചാമുണ്ഡി, തൽസ്വരൂപൻ ദൈവം, കൂത്ത്, ചങ്ങനും പൊങ്ങനും, തീപാറ്റി തെയ്യം എന്നീ ദേവീദേവന്മാരെയും തെയ്യക്കോലങ്ങൾ കെട്ടിയാടും. ഡിസംബർ പതിനാലിന് മുച്ചിലോട്ടു ഭഗവതിയുടെ തിരുമുടി നിവരും. 

പത്രസമ്മേളനത്തിൽ പെരുങ്കളിയാട്ട കമ്മറ്റി ചെയർമാൻ കെ. നാരായണൻ കുട്ടി, മീഡിയ ചെയർമാൻ കെ.പി. അരവിന്ദാക്ഷൻ, വർക്കിംഗ് ചെയർമാൻ എം.സി. പ്രകാശൻ, ജനറൽ കൺവീനർമാരായ വി. വിജയൻ, എം. വി. രമേശൻ, ട്രഷറർ ടി.വി.  ചന്ദ്രൻ എന്നിവർ പങ്കെടുത്തു. 


Adv